Friday, December 24, 2010

സ്ത്രീത്വം

രതിയാണ് സ്ത്രീയിലായ് കാണുന്ന ഗുണമെങ്കില്‍ ,
കാമിനിയല്ലവള്‍ കമലയുമല്ലവള്‍ 
നിന്‍ നിശാക്കൂട്ടായി മാത്രമായുള്ളോരു  -
കേവലം മാംസത്തിന്‍ സുഖഭോഗവസ്തു ..



തന്‍റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റുന്നവള്‍ 
ജീവന്‍റെ രക്തമാം മുലപ്പാല് നല്‍കിയായ്
സ്വം മറന്നിട്ടവള്‍ ത്വം സ്വീകരിക്കുന്നു 
സ്വയമേ ഉരുകുന്ന കര്‍പ്പൂരമെന്നപോല്‍


സ്ത്രീയെ,സ്വയം തീര്‍ത്ത ജയിലഴിക്കുള്ളില്‍ നീ,
തളക്കുന്നു നിന്‍ ജന്മ വര്‍ണ്നാര്‍ദ്ര  ലോകത്തെ,
വിണ്ണിലെ ഇന്ദ്ര ധനുസ്സുകൊന്ടെന്നും നീ 
നിന്നിലെ മോഹത്തിന്‍ രക്ഷയേകുന്നുവോ ?


ജായയായ് നീയെന്നും സൌഖ്യമേകുമ്പോഴും
തായയായ്  മാറും നിന്‍ പൈതലിന്നരികിലായ്
ആമോദമെന്നും നിന്‍ പാതി തന്‍ വിജയവും 
ആനന്ദം നേടും നീ മാതൃത്വ പദവിയില്‍.


പാഞ്ചാലിയായി സര്‍വം സഹിച്ചതും -
ശ്രീ രാമനൊപ്പം വനത്തില്‍ വസിച്ചതും,
സൌമിത്രീ പത്നിയായ് വിരഹിണിയായതും ,
സത്യവതിയായന്നു പതിവൃതയായതും,
വികട സാരസ്വത്തില്‍ മന്ഥരയായതും,
സര്‍വവും നീ തന്നെ സ്ത്രീയാം സമസ്യയേ.


പ്രകൃതിയും നീയുമിന്നോരുപോലെ ഭാവമാര്‍-
ന്നൂഴമകന്നെത്തും  പുതു മഴപോലെയും
അതിനനുനയമായി തെളിയുന്ന ഇളം വെയില്‍ 
നിന്‍ ചിരിക്കൂട്ടായുപമിച്ചു   കവികള്‍ .


മഴയുടെ സംഹാര താണ്ടവമാര്‍ജിച്ചു-
നിന്‍ മിഴിയിലുറപൊട്ടും  കണ്ണീര്‍ കണങ്ങള്‍ 
ഒരു വംശം മുഴുവനായ് മുടിച്ച ചരിത്രമുണ്ടൊരു -
നാളില്‍ കലമ്പിയ കാമിനി മൂലമായ്..

Monday, December 20, 2010

പ്രണയത്തിന്‍റെ നുറുങ്ങുകള്‍

ജീവിതത്തില്‍ ഉദയാസ്തമനങ്ങള്‍ പലതു കഴിഞ്ഞു പോയിരിക്കുന്നു...
സ്വയം എരിഞ്ഞടങ്ങിയ പകലുകള്‍ അഗ്നിയുടെ കൊടും ചൂടിനെപ്പോലും  വേവിക്കുന്നതായിരുന്നു...പക്ഷെ പിന്നെ വന്നു ചേര്‍ന്ന ഉദയങ്ങള്‍ക്ക്  അമാവാസിയെക്കാള്‍ കറുപ്പായിരുന്നു...
എന്നാല്‍ ഇന്ന്...,ഒരു ചിരാതിന്റെ   വെളിച്ചം എന്നിലുണ്ട്...അതിനു പ്രണയത്തിന്‍റെ തരളിത നിലാവുണ്ട്...സംരക്ഷണത്തിന്റെ കരങ്ങളുണ്ട്...ഇന്ന് ഞാന്‍ ആ ചിരാതിന്റെ വെളിച്ചത്തില്‍ എന്റെ ജീവിതത്തെ വായിക്കുകയാണ്...
ചില അക്ഷരക്കൂട്ടുകള്‍ തെളിയുന്നില്ലാ...
എന്‍റെ പ്രീയപ്പെട്ട കുഞ്ഞു  ചിരാതിനു അത്രയേ കഴിയൂ..
പക്ഷെ വായിക്കാനാവാത്ത അക്ഷരങ്ങളില്ലെങ്കിലും...
എന്‍റെ ജീവിത കാവ്യം എനിക്ക് പൂര്‍ണമായി മനസ്സിലാവും...ആ ചിരാതിന്റെ വെട്ടത്തില്‍...അതിനു മുന്‍പ്...
അതിനു മുന്‍പ്,
എന്റെ ചിരാതിനെ കാറ്റ് വന്നു കെടുത്താതിരുന്നെന്കില്‍
ആ നാളം കേട്ടുപോയാല്‍ പിന്നെ,എവിടെയാനെന്റെ പുസ്ത്തകത്താളുകലെന്നു  ഞാനെങ്ങനെ കണ്ടെത്തും...?...ഇല്ലാ അതോടെ എന്‍റെ ജീവിത അദ്ധ്യായം പൂര്‍ണമായിരിക്കും....

Friday, December 17, 2010

അറിയില്ലെനിക്ക്‌..

നീയെന്‍റെ ഇതളില്‍ വസന്തമാണോ ,
അതോ ഇലകളില്‍ തളിര്‍ക്കും,
വിഷാദച്ഛവിയുള്ള  ശിശിരമോ  കാലത്തിന്‍ഋതു ഭേദമോ?
അറിയില്ലെനിക്ക്‌ നിന്‍ സുന്ദര ഭാവത്തെ -
അറിയാന്‍ ഞാനിന്നും മറന്നുവെന്നോ?
അറിയില്ലെനിക്കുനിന്‍ മോഹവും മൌനവും-
അറിയില്ലെനിക്കുനിന്‍ സ്നേഹത്തിനാഴവും,
അറിയാതിരിക്കുവാനാന്നെന്നുമെന്നെന്നും ,
അറിയാതെ പോവുമെന്‍ മനസ്സിന്‍റെ  ഈണവും...

Thursday, December 16, 2010

നവ കേരളീയം

വേമ്പനാടെന്നൊരു കായലിന്‍ അരികിലാ -
നെന്നുമെന്‍  ഓര്‍മ്മകള്‍ തിങ്ങുന്ന നാട്..
കേരങ്ങള്‍ വായ്ക്കുന്ന എന്‍പ്രിയ നാട്ടിലോ -
കേരങ്ങളല്ലവ  മണ്ടരിയത്രേ...
പണ്ടെങ്ങോ കേട്ടൊരു പാട്ടിന്‍റെ പല്ലവി,
ഓതിക്കുറിച്ചൊരു വരിയായിരുന്നു-
കേരങ്ങള്‍ തിങ്ങുന്ന കേരള നാടെന്നതോര്‍മയില്‍ -
പോലും മാഞ്ഞുപോയിന്ന്...
പച്ച പട്ടുടയാട ചാര്‍ത്തിയ പാടങ്ങള്‍,
കഷ്ടമിന്നീ നാളില്‍ നഗ്നയായ്‌ തീര്‍ന്നപോല്‍ ,
തരിശ്ശാം നിലങ്ങള്‍ വിലക്കെടുത്തിട്ടവര്‍-
വിലപേശി വില്‍ക്കുന്നു  കേദാരം കെട്ടി.
മണ്ണും സിമെന്റും മണല്ക്കട്ടയും കൂട്ടി -
തിക്കി നിറക്കുന്നു ഊഷര നിലങ്ങള്‍...
വിണ്ണിനെ  മുത്തുന്ന   സൌധങ്ങള്‍ക്കാവുമോ,
ശ്വാസത്തെ നല്‍കിടാന്‍ ഭൂ ജീവികള്‍ക്കായ്?
ശ്വാസമെടുക്കാതെ മരിക്കാം നമുക്കിന്നു  ,
കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളില്‍  കിടന്ന്...
ഭക്ഷണം ഭക്ഷിക്കാന്‍ കഴിയാതെയായി,
വിഷഗുണ സമ്മിശ്രമായിന്നു  ഭൂമി...
കര്‍ഷക ജീവിതം കയറില്‍ കുരുങ്ങി ,
കാര്‍ഷിക കേരളം ഊഷരമായി...
വിലയില്ല വിലയില്ല കര്‍ഷകര്‍ക്കൊന്നുമേ ,
വിലയുള്ളതോ ഇന്ന് വിഷമയം താനും.
കേരങ്ങളില്ല കൈരളിയില്ല ..,
തോറ്റവും  തെയ്യവും കേളിയുമില്ല.,
കാവും കുളങ്ങളും കുരവയുമില്ല.,
നീരേറ്റരുവിയും കുയില്‍പ്പാട്ടുമില്ല ..
കൂമനും പുള്ളും പുഴയുടെ ഈണവും ,
പുളിയിലക്കര ചുറ്റും തൊടികളുമില്ല. ..
കൈരളീ നന്മകള്‍ നാട് നീങ്ങിടുന്നു,
മിഴികളും ചിന്തയും ഒന്നുമറിയാതെ..
യൌവനം കൊടികുത്തി തീവ്ര വാദങ്ങളാല്‍ ..,
മാനവ ജീവന് കൃശ ഗണനമായി-
അക്ഷര കൈരളിയാകവേ തന്നെ-
സംസ്കാര ശൂന്യത കൊടി കുത്തി വാണു.
നാരിക്ക് സ്വൈര്യ വിഹാരങ്ങള്‍ കേവലം -
മിഥ്യയാം സ്വപ്നങ്ങളായിന്നു മാറി.
കാട്ടാള  ഹൃത്തുക്കലെന്നും തടസ്സമായ്-
കരാള   നൃത്തങ്ങളാടി  തിമിര്‍ക്കുന്ന -
ശൂന്യ സത്സംഘാ നിദാന ഭൂ ഗേഹമായ്-
മാറിക്കഴിഞ്ഞുവോ എന്‍ പ്രിയ നാട്?
അന്ന് നാമോര്‍ക്കുന്നോ സ്ത്രീകളെന്നാല്‍  -
പരം ദേവതാ തുല്യരായി വാണിരുന്നു.,
ഓര്‍മയില്‍ തെളിയുന്നു..
പുരാണങ്ങളിങ്ങനെ..ചൊല്ലുന്നു നമ്മോടു -
ഇവ്വിധമെന്നപോല്‍ ..,
"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ":

പ്രണയം

എന്നിലായ് നീ കാണും അര്‍ഥങ്ങള്‍ ഒക്കവേ ,  
നിന്നിലെ ഞാനെന്ന സങ്കല്‍പ്പമാവും ..
നിന്‍ കണ്ണില്‍ നീ കാണും വര്‍ണങ്ങള്‍ ഒക്കവേ,
എന്‍ മിഴി വര്‍ണത്തിന്‍ വിസ്ഫുരണമാവും.
പെയ്യുന്ന മഴയിലും പൊഴിയുന്ന മഞ്ഞിലും 
ഇതളിടും പൂവിലും തളിര്‍ക്കുന്നോരിലയിലും..
ഒന്നായി നീയറിയും  സ്നിഗ്ദ്ധതയാണ്   ഞാന്‍ -
നിന്‍ മാത്ര സ്വന്തമാം പ്രണയമെന്നല്ലോ ... 
വിണ്‍ ഗേഹ കഞ്ചുകം മെല്ലെ പുതച്ചിട്ടു -
നമ്രശിരസ്കയായ് തിങ്കളും നില്‍ക്കും..
വെണ്ണിലാ പുഞ്ചിരി പൊഴിക്കുന്നു മെല്ലെ -
എന്നായി തോന്നിടും പ്രണയികല്‍ക്കെല്ലാം..



Wednesday, December 15, 2010

വാര്‍ദ്ധക്യമെന്ന സായന്തനം ..

ജീവിത സന്ധ്യതന്‍  പടിവാതിലില്‍-
മിഴി വെട്ടമെകിയ അരുണനും മറയുന്നു..
തെല്ലിട ദുഖവും കൂടാതെ തന്‍ മക്കള്‍,
മെല്ലെ ഇറക്കീടും ഭാരമോ വാര്‍ധക്യം?
പെറ്റു പോറ്റിയ തായയെയും പുനര്‍ -
അഗതിയായ് തഴയുന്നു ഇന്നിന്റെ തലമുറ-
ഒരു മാത്ര കരുതീടുമോ തങ്ങള്‍-
തങ്ങളായ് തീര്‍ന്നതാ കര സുരക്ഷയാല്‍..
പ്രാര്‍ഥനാ  പൂര്‍ണ്ണമായ ജീവിതം കൊണ്ടവര്‍
വിഹിതമായ്‌ ചേര്‍ക്കുന്നു നമ്മള്‍ക്കായെന്നെന്നും
അഹിതമായ്‌ നമുക്ക് തോന്നുമെന്നാകിലും - 
ക്ഷണികമായീടാത്തൊരു   ജീവിതയധ്യായം...
അറിയുകില്ലാ നമ്മള്‍ ഒരു കാലം വരെ മാത്രം-
സ്വാംശ രക്തത്തിനാല്‍ തള്ളിവീഴ്തും വരെ...
ആ മാത്ര മിഴി നീരില്‍ രുധിരത്തിന്‍ ചുവപ്പാവും-
നെഞ്ചിന്റെ വിങ്ങലില്‍  ലോകം മറന്നീടും - 
പിന്നെ പതിയെ തിരിച്ചരിന്ജീടുന്നു    തപ്തമാം,
വര്‍ദ്ധക്യമെന്ന  ജീവിത സന്ധ്യയെ...