Tuesday, January 28, 2014

ചിതയിലൊരോർമ്മ

പണ്ട് ഞാൻ ചൊല്ലിയ കവിതകളൊന്നിലായ്
അച്ഛന്റെ വേർപാടു നൊന്തിരുന്നു
 ഞാനോ മറ്റാരുമേ  കാണുന്ന  മുന്നിലേ
വെക്കമായി ചിരികൊണ്ട് മായ്ച്ചിരുന്നു
കവിതകൾ വരികളിൽ നർത്തനം ചെയ്യവേ,
കവിയുടെ വേദന ചൊല്ലിവാർന്നീടവേ ,
ബാല്യകാലത്തിലെ നിയതിയിൽ നിണം വീണ-
ബാലന്റെ വേദന ഞാനറിഞ്ഞു.
ആത്മാവിലെ ആ ചിത എന്റെ  നെഞ്ചിലോ
ഒരു നെരിപ്പോടായി നീറിടുന്നു
ബാലിക യൗവ്വനം തൊട്ടിടും കാലത്തിൽ
സുരക്ഷയാളുന്നതും അച്ഛനല്ലേ?
ആ കാവലാളന്നെ ഇല്ലാതെയാവുകിൽ -
എന്തുണ്ടവൾക്കന്നു ഭയമകറ്റാൻ?
പിന്നെ നല് മാർഗങ്ങൾ കാട്ടി തുണക്കുവാൻ
അമ്മതൻ ജീവന ഭാരം കുറയ്ക്കുവാൻ
അനുജനോ ആദ്യത്തെ മാഷായി മാറുവാൻ
അരികിലായി ഇല്ലയന്നച്ഛന്റെ സാന്ത്വനം
മെല്ലൊന്നു തേങ്ങിക്കരഞ്ഞുനോവാറ്റുവാൻ
ആശപോലും വിട്ടു കൂടണഞ്ഞന്നാളിൽ
ഇനിയെന്ത് ഭാവിയെന്നോർത്തു വിറങ്ങലി -
ച്ചാകേ പകച്ചങ്ങുനിന്നുപോയന്നുഞാൻ .
പ്രായം കവിഞ്ഞൊരു പക്വത സ്വന്തമായി
ഏകിയതോ വിധിയുടയോന്റെ  കൗശലം
പിന്നെ തണൽ  തേടി മേഞ്ഞെന്റെ ദു:ഖമോ
വിസ്മൃതിക്കുള്ളിൽ  കുടിയിരുന്നീടവേ ,
അരക്ഷിത ചിന്തകൾ പിണംചൂടി പിന്നെയും
യൗവ്വനതീഷ്ണയാൽ  നീറിയപ്പോൾ
ബന്ധുവും ബന്ധവും ബന്ധിതമായന്നു -
ദർദ്ദുരഭാരത്താൽ വീങ്ങിയപ്പോൾ
ആ നാളിലായറിവു  വൃണിതമാം സത്യമെന്നാ -
രോരും പറയാതെ ഞാനറിഞ്ഞു .
പണമാണ്  ഭൂമിയിൽ ബാന്ധുത്വ തോതെന്നു -
പിണംപോലുമായളവിൽ  -
വിബാന്ധുവായ്  മാറിടും .
മറവികൾ മനുഷ്യന്നനുഗ്രഹമാകുമീ
നിമിഷങ്ങളത്രേ മരണവും മോക്ഷവും.
യൗവ്വനം പാണീഗ്രഹണത്തിലെക്കൊന്നു
കാൽ വെച്ചനാളുകൾ എത്ര ധന്യം !!
എങ്കിലുമാന്നാളും ഒരു വിങ്ങലാവുന്നു
അച്ഛനാം ചിത്രത്തെ കണ്ടിടുമ്പോൾ
ഒരു  വെറ്റ  പാക്കു  ഞാൻ മുന്നിൽ  വെച്ചു-
എൻ ഹൃദയത്തിൽ  ഒരു നാളം ഒരുക്കി വെച്ച്
അറിഞ്ഞു ഞാനെന്നിട്ടുമാ സ്നേഹ സാന്നിധ്യം
ഒരു ചെറു കാറ്റായനുഗ്രഹിയ്ക്കെ .
അന്നുതോട്ടീന്നോളമാ നിറ സാന്നിധ്യം -
സ്വപ്നമായെന്നിലെക്കെത്തിടുമ്പോൾ ,
മറ്റെങ്ങുമറിയാത്ത രക്ഷ ഞാനറിയുന്നു ,
പതിനെഴുവര്ഷങ്ങൾ പോയിടവേ ...



Friday, January 17, 2014

മരണത്തിലെ പ്രണയം

നിന്നുള്ളിൽ എൻപ്രണയമില്ലാതെയാകവെ ,
നിന്നിൽ  ഞാൻ വെറുമൊരു  മറവിയാൽ മറയവേ ,
ഓർമകൾക്കുള്ളിലോ പ്രണയമായ് മാറുവാൻ ,
മരണമാം പുഞ്ചിരി എന്നിലായ്  വിരിയട്ടെ !!!

എൻ മൃത്യുയന്നാളിൽ വന്നണഞ്ഞീടുന്നു -
പ്രണയമേ നീയെന്നിൽ വേർപെടും നാളതിൽ
ഒരൊരൊ അണുവിലും  നീയാം ബലം നീക്കി ,
മൃത്യുതൻ തളർച്ചയോ പകരമായെത്തീടും .

പ്രാണനാം ആത്മാവ് വേർപെടും  മാത്രയിൽ
കണ്ടിടും ഞാനഹോ അശ്രുവിൻ തുള്ളിയായ്
നിൻ  നേത്രവക്കിൽനിന്നുതിർന്നു ഭൂവിലെക്കായി
പ്രളയമായ് വർഷിക്കും പ്രണയത്തിൻ തീവ്രത .

കൈ നീട്ടി വന്നു നിൻ കണ്‍കൾ തുടയ്ക്കുവാൻ
ഹൃത്തടം വല്ലാതെ മോഹിക്കുമാകിലും
മരണപാശത്താലെ ബന്ധിതമാകയാൽ
ചലനമറ്റിടുന്നു  ഭന്ജികയെന്നപോൽ

അരികെത്തുടിക്കുന്ന ആർത്തനാദങ്ങളിൽ
ഒന്നിലും മനമൊന്നുടക്കിയില്ലെങ്കിലും
കേവലം മരപ്പാവകണക്കായി മാറിയ
ആ മുഖം മാത്രമായെന്നിൽ വിതുമ്പുന്നു .

ചന്ദന ഗന്ധത്തിൽ വീടും തൊടികളും
ബന്ധുര ജാലത്തിൽ എൻ  മൃത സ്വത്വവും
എന്നുടെ  വേർപാടിൽ പ്രിയരിൽ മിഴികളും
വല്കൃതമാവുന്ന മരണമാം  പൂരണം .

ആടയാഭരണങ്ങൾ  അലംകാരമായിടാ -
സൌന്ദര്യ ചിന്തകൾ ചിതയിലായെരിയുന്ന ,
അഹന്തയും സഹനവും അസ്തിത്വമടയുന്ന
ലോകൈക സത്യമാം സമസ്യയത്രെയിത് .

ദാനമാം ശീലം നിൻ ബന്ധുത്വമാർനിടും
ക്ഷമയോ നിനക്കായി തർപ്പണം ചെയ്തിടും
സ്നേഹമോ എന്നുമേ പ്രാർഥനയായിടും
നീയിന്നു ചെയ്തിടും കർമഫലം പോലെ.

നിഴലുപൊലുപമിക്കും മൃത്യുവ്വിന്നെ ചിലർ
നിഴലുമാ ഇരവിലോ മറയുമെന്നാകിലൊ ,
ഇനിയെത്ര നാളുകൾ നിവസിക്കാനാവുമെന്നി -
നിയാർക്കു കരുതുവാൻ ആവുകില്ലായെടോ

മരണത്തെപ്പോലെ  മഹത്തരമായെന്തു
മരണമല്ലാതെന്തു ഭൂമിയിൽ  ചൊല്ലുവാൻ
ഓർമ്മകൾ തല്ലിപ്പതം വരുത്തീടുവാൻ
കെൽപ്പുള്ളോരായുധമൊ മറവി  ????






Sunday, January 12, 2014

കാലവും നിയതിയും






ചൂരലും തെച്ചിയും തൊണ്ടിപ്പഴങ്ങളും
ആർത്തു വളരുന്ന കൈതതൻ കൂട്ടവും
പിന്നെ പ്രമാണത്തോടമ്പേയുലയുന്ന
പാലയും അത്തിയും യക്ഷിപ്പനകളും
വയലും വരമ്പും ആമ്പലിൻ ജാലവും
തൊടിയും തൈമാവും മാമ്പഴമധുരവും
കാവിലെ സർപ്പവും   ദൈവത്തറകളും
ഉറഞ്ഞു നിറഞ്ഞാടും ബാല്ല്യത്തിനോർമകൾ

ബാല്യം മുഖം മൂടി തന്നു തുടങ്ങിയ
കൌമാരകാലമോ കൌതുകപൂരിതം
പ്രണയവും വിരഹവും സൌഹൃദവൃന്ദവും
ഓർത്തുച്ചുടുക്കുന്നുവോർമകളോരോന്നായ്‌


സുന്ദരനെന്നോ ഞാൻ സുന്ദരിയെന്നോ
തോന്നാതെ തോന്നിടും യൌവ്വനമോഹങ്ങൾ
തല്പ്പങ്ങളാശു  മനോകല്പ്പനക്കൂട്ടായി
കണ്കളിലെന്നെക്കും  രാഗവിന്യാസവും
ചൊല്ലാതെ ചൊല്ലുന്ന കണ്ണിമയാലെ ,
കൊല്ലാതെ കൊല്ലുന്ന പെണ്മണിയായും
കാണാതെ കാണുന്ന കാഴ്ച്ചകളാലെ
തൊടാതെ തോട്ടീടുന്നുവാണിൻ യുവത്വം


ജീവിതം മദ്ധ്യാഹ്ന നേരമടുക്കെ
സന്താപം തീരുവാൻ മധുസേവ മുഖ്യം
കാണാതെ കൂട്ടായി വന്നിടുമാക്ഷണം
മൃത്യുവാം സഹചാരി പുഞ്ചിരിയോടെ

വാര്ധക്യകാലമോ പുനരൊരു ബാല്യം
ഓർമ്മകൾ മരവിക്കും,ബുദ്ധിതൻ ബാല്യം
വീണും തളര്ന്നും പിടിച്ചു നടന്നും
അന്ത്യമാം കാലത്തെ കാത്തിരിക്കുന്നൂ

ഇവ്വിധമുള്ളോരു   വേഷപ്പകർച്ചകൾ
മാനുഷ ജന്മത്തിൻ നേര്സാക്ഷ്യമായി .
ബാല്യ കൗമാര യൌവ്വന കാലമോ
നിയതി നല്കീടുന്ന ആവർത്തനങ്ങൾ
അവനവനവനാത്മ  ചെയ്തികളാലെ
തിരികെ നേടിടുന്നു മാനുഷ ജന്മം
ഒന്നിന് പത്തായി പ്രതികാരിയാകുവാൻ
എന്നും ദിനം കാക്കും മാനുഷജന്മം.