നിന്നുള്ളിൽ എൻപ്രണയമില്ലാതെയാകവെ ,
നിന്നിൽ ഞാൻ വെറുമൊരു മറവിയാൽ മറയവേ ,
ഓർമകൾക്കുള്ളിലോ പ്രണയമായ് മാറുവാൻ ,
മരണമാം പുഞ്ചിരി എന്നിലായ് വിരിയട്ടെ !!!
എൻ മൃത്യുയന്നാളിൽ വന്നണഞ്ഞീടുന്നു -
പ്രണയമേ നീയെന്നിൽ വേർപെടും നാളതിൽ
ഒരൊരൊ അണുവിലും നീയാം ബലം നീക്കി ,
മൃത്യുതൻ തളർച്ചയോ പകരമായെത്തീടും .
പ്രാണനാം ആത്മാവ് വേർപെടും മാത്രയിൽ
കണ്ടിടും ഞാനഹോ അശ്രുവിൻ തുള്ളിയായ്
നിൻ നേത്രവക്കിൽനിന്നുതിർന്നു ഭൂവിലെക്കായി
പ്രളയമായ് വർഷിക്കും പ്രണയത്തിൻ തീവ്രത .
കൈ നീട്ടി വന്നു നിൻ കണ്‍കൾ തുടയ്ക്കുവാൻ
ഹൃത്തടം വല്ലാതെ മോഹിക്കുമാകിലും
മരണപാശത്താലെ ബന്ധിതമാകയാൽ
ചലനമറ്റിടുന്നു ഭന്ജികയെന്നപോൽ
അരികെത്തുടിക്കുന്ന ആർത്തനാദങ്ങളിൽ
ഒന്നിലും മനമൊന്നുടക്കിയില്ലെങ്കിലും
കേവലം മരപ്പാവകണക്കായി മാറിയ
ആ മുഖം മാത്രമായെന്നിൽ വിതുമ്പുന്നു .
ചന്ദന ഗന്ധത്തിൽ വീടും തൊടികളും
ബന്ധുര ജാലത്തിൽ എൻ മൃത സ്വത്വവും
എന്നുടെ വേർപാടിൽ പ്രിയരിൽ മിഴികളും
വല്കൃതമാവുന്ന മരണമാം പൂരണം .
ആടയാഭരണങ്ങൾ അലംകാരമായിടാ -
സൌന്ദര്യ ചിന്തകൾ ചിതയിലായെരിയുന്ന ,
അഹന്തയും സഹനവും അസ്തിത്വമടയുന്ന
ലോകൈക സത്യമാം സമസ്യയത്രെയിത് .
ദാനമാം ശീലം നിൻ ബന്ധുത്വമാർനിടും
ക്ഷമയോ നിനക്കായി തർപ്പണം ചെയ്തിടും
സ്നേഹമോ എന്നുമേ പ്രാർഥനയായിടും
നീയിന്നു ചെയ്തിടും കർമഫലം പോലെ.
നിഴലുപൊലുപമിക്കും മൃത്യുവ്വിന്നെ ചിലർ
നിഴലുമാ ഇരവിലോ മറയുമെന്നാകിലൊ ,
ഇനിയെത്ര നാളുകൾ നിവസിക്കാനാവുമെന്നി -
നിയാർക്കു കരുതുവാൻ ആവുകില്ലായെടോ
മരണത്തെപ്പോലെ മഹത്തരമായെന്തു
മരണമല്ലാതെന്തു ഭൂമിയിൽ ചൊല്ലുവാൻ
ഓർമ്മകൾ തല്ലിപ്പതം വരുത്തീടുവാൻ
കെൽപ്പുള്ളോരായുധമൊ മറവി ????